കുട്ടിയുടെ കൈകളിൽ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സ്വപ്നങ്ങളുമാണ് ഉണ്ടാകേണ്ടത്. എന്നാൽ ചിലപ്പോൾ അതേ കൈകളിൽ ചോര പുരളുന്നത് ഒരു സമൂഹത്തെ മുഴുവൻ ചിന്തിപ്പിക്കുന്ന വിഷയമാണ്. കുട്ടിയുടെ തെറ്റിനെ മാത്രം കാണുകയാണോ, അതോ ആ തെറ്റിലേക്ക് അവനെ നയിച്ച സാഹചര്യങ്ങളെ മനസിലാക്കുകയാണോ വേണ്ടത്?
ഹരിപ്പാട് കരുവാറ്റയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു 13 വയസുകാരിയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളും പോലീസ് കസ്റ്റഡിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഒരു വലിയ സാമൂഹിക ചോദ്യമുയർത്തുന്നു: ഒരു കൗമാരക്കാരന്റെ മനസിൽ ഇത്ര ഗുരുതരമായ കുറ്റചിന്ത എങ്ങനെ രൂപപ്പെടുന്നു?
ഈ ചോദ്യത്തിനുള്ള ഉത്തരം ശിക്ഷയിൽ മാത്രം കണ്ടെത്താനാവില്ല. ഇന്ത്യയുടെ ജുവനൈൽ ജസ്റ്റീസ് ആക്ട് 2015 ഇത്തരം കുട്ടികളെ ‘കുറ്റവാളി’കളായി മാത്രം കാണുന്നില്ല. നിയമത്തിനു വഴങ്ങാത്ത കുട്ടിയുടെ സംരക്ഷണം, വികസനം, ചികിത്സ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്.
ഈ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ കുട്ടിയുടെ നിരപരാധിത്വത്തെക്കുറിച്ചുള്ള അനുമാനം, കുട്ടിയുടെ പൊതുമാന്യത, മൂല്യബോധം, അടിസ്ഥാന താല്പര്യങ്ങൾ മുതലായവ വിലയിരുത്താനുള്ള അവസരം, കുട്ടിയുടെ അഭിപ്രായം കേൾക്കാനുള്ള അവകാശം, സ്വകാര്യത, കുടുംബത്തിലേക്കുള്ള പുനഃസംയോജനം തുടങ്ങിയവ ഉൾപ്പെടുന്നു. എന്നാൽ ഈ നിയമത്തിൽ കുട്ടികളുടെ കുറ്റകൃത്യങ്ങളെ ഒരിക്കലും നിസാരവത്കരിക്കുന്നില്ല; മറിച്ച് കുറ്റം ചെയ്ത കുട്ടിയുടെ വ്യക്തിത്വത്തെ വിലയിരുത്തി തിരുത്തലുകൾ നൽകുന്ന സമീപനമാണുള്ളത്.
സമൂഹത്തിന്റെ ഉത്തരവാദിത്വം
ഇത്തരത്തിലുള്ള കുട്ടിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ മുമ്പിലാണ് ഹാജരാക്കേണ്ടത്. മാതാപിതാക്കളെയോ രക്ഷിതാക്കളെയോ ഇക്കാര്യം അറിയിക്കേണ്ടതുണ്ട്. കുട്ടിയുടെ കുടുംബപശ്ചാത്തലം, മുൻകാല ജീവിതസാഹചര്യങ്ങൾ, കുറ്റത്തിലേക്ക് നയിച്ചിരിക്കാവുന്ന ഘടകങ്ങൾ എന്നിവ പരിശോധിച്ചു സാമൂഹിക അന്വേഷണ റിപ്പോർട്ട് തയാറാക്കുകയും വേണം. ഇവിടെനിന്നാണ് നമ്മുടെ സമൂഹത്തിന്റെ ഉത്തരവാദിത്വം ആരംഭിക്കുന്നത്.
ജുവനൈൽ ജസ്റ്റീസ് ആക്ട്2015ന്റെ ഏറ്റവും വലിയ സവിശേഷത പുനരധിവാസത്തെ അത് കേന്ദ്രസ്ഥാനത്ത് നിർത്തുന്നു എന്നതാണ്. ജുവനൈൽ ജസ്റ്റീസ് ബോർഡിന് കൗൺസലിംഗ്, ഗ്രൂപ്പ് കൗൺസലിംഗ്, വിദ്യാഭ്യാസം, തൊഴിൽപരിശീലനം, ചികിത്സ, സാമൂഹിക ശുശ്രൂഷ, പ്രൊബേഷൻ തുടങ്ങിയ വിവിധ പരിഹാരമാർഗങ്ങൾ സ്വീകരിക്കാൻ കഴിയും. കുട്ടിയുടെ സാമൂഹിക അന്വേഷണ റിപ്പോർട്ടും വ്യക്തിഗത ആവശ്യങ്ങളും പരിഗണിച്ചാണ് നടപടി സ്വീകരിക്കേണ്ടത്.
അതേസമയം, 16 മുതൽ 18 വയസുവരെയുള്ള കുട്ടിയുടെമേൽ ഹീനമായ കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ, ജുവനൈൽ ജസ്റ്റീസ് ബോർഡ് സെക്്ഷൻ 15 പ്രകാരം പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ചില കേസുകളിൽ കുട്ടികളുടെ കോടതിയിലേക്ക് മാറ്റാനുള്ള നിയമപരമായ സാധ്യതയുണ്ട്. എന്നാൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഈ പ്രത്യേക വിചാരണ പ്രക്രിയകൾ ബാധകമല്ല.
കുട്ടിയുടെ മാറ്റം തിരിച്ചറിയാതെ പോകരുത്
കൗമാരം ശാരീരികവും മാനസികവും വൈകാരികവുമായ വലിയ മാറ്റങ്ങളുടെ കാലഘട്ടമാണ്. ഈ പ്രായത്തിൽ അംഗീകാരത്തിനും സ്വാതന്ത്ര്യത്തിനും കുട്ടികൾ ഏറെ അഭിലഷിക്കും. കൂട്ടുകാരുടെ സ്വാധീനവും വളരെ പ്രധാനമാണ്. കുടുംബത്തിൽ തുറന്ന സംഭാഷണം ഇല്ലാതാകുമ്പോൾ കുട്ടിയുടെ യഥാർഥലോകം മാതാപിതാക്കളിൽനിന്ന് അകന്നുപോകാം. കുട്ടിയുടെ ചെറിയ പരാതികളും പെരുമാറ്റത്തിലെ മാറ്റങ്ങളും ഒറ്റപ്പെടലും അമിതമായ കോപവും സംശയാസ്പദമായ സൗഹൃദങ്ങളും അവഗണിക്കാൻ പാടില്ല. ഒരു വലിയ പ്രശ്നം രൂപപ്പെടുമ്പോഴാകും കുടുംബത്തിന് ഇവയുടെ ഗൗരവം തിരിച്ചറിയാൻ കഴിയുക.
ഡിജിറ്റൽ ജീവിതത്തിന് മാർഗനിർദേശം
മൊബൈൽ ഫോൺ ഈ പ്രശ്നത്തിന് പുതിയൊരു മാനവും നൽകിയിട്ടുണ്ട്. അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും വലിയ സാധ്യതകൾ നൽകുന്ന അതേ ഡിജിറ്റൽ ലോകത്ത് അക്രമവും കുറ്റകൃത്യങ്ങളും തെറ്റായ ജീവിതമാതൃകകളും കുട്ടികളെ സ്വാധീനിക്കാം. കുട്ടിയുടെ ഡിജിറ്റൽ ജീവിതത്തെ മനസിലാക്കാനും അതിൽ ശരിയായ നിയന്ത്രണവും മാർഗനിർദേശവും നൽകാനും മാതാപിതാക്കൾക്ക് കഴിയണം.
കൂട്ടുകാരുടെ സ്വാധീനവും അത്രതന്നെ പ്രധാനമാണ്. നല്ല സൗഹൃദം വ്യക്തിത്വത്തെ വളർത്തുന്നു; തെറ്റായ കൂട്ടുകെട്ട് തെറ്റായ തീരുമാനങ്ങളെ സാധാരണവത്കരിക്കാനിടയുണ്ട്. അതിനാൽ കുട്ടിയുടെ സുഹൃത്തുക്കളെ നിരാകരിക്കുന്നതിനേക്കാൾ, അവരുടെ സൗഹൃദലോകത്തെ മനസിലാക്കുകയും വിശ്വാസത്തോടെ കുട്ടിയുമായി സംവദിക്കുകയും ചെയ്യുന്നതാണ് ഫലപ്രദം.
കുറ്റവാസന തടയുന്ന സമീപനങ്ങള്
തെറ്റ് സംഭവിച്ചതിനുശേഷമാണ് നിയമനടപടികൾ ഉണ്ടാവുക. എന്നാൽ അതിനുമുമ്പ് കുടുംബവും കലാലയങ്ങളും സമൂഹവും ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്. കുട്ടിയുടെ മനസ് അറിയുക, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഉപയോഗത്തിൽ മാർഗനിർദേശം നൽകുക, നല്ല സൗഹൃദങ്ങൾക്ക് അവസരം നൽകുക, മാനസിക സംഘർഷങ്ങൾ തിരിച്ചറിയുക, ആവശ്യമെന്നു കാണുമ്പോൾ കൗൺസലിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയെല്ലാം കുട്ടികളിലെ കുറ്റവാസന തടയുന്നതിനു സ്വീകരിക്കാവുന്ന സാമൂഹിക സമീപനങ്ങളാണ്...
കുട്ടികളെ ശിക്ഷിക്കുന്നതിനുമുമ്പ് അവരെ മനസിലാക്കണം. തെറ്റിനെ ന്യായീകരിക്കാതെ, തെറ്റിലേക്ക് നയിച്ച സാഹചര്യങ്ങളെ തിരിച്ചറിയണം. കുറ്റബോധത്തോടൊപ്പം ഉത്തരവാദിത്വബോധവും വളർത്താനാകണം. നിയമനടപടിക്കൊപ്പം വിദ്യാഭ്യാസവും കൗൺസലിംഗും പുനരധിവാസവും ഉറപ്പാക്കണം. കുട്ടിയുടെ ഭാവി സമൂഹത്തിന്റെ ഭാവിയാണ്. അതുകൊണ്ട് വഴിതെറ്റുന്ന ഓരോ കൗമാരക്കാരന്റെയും ഉള്ളിൽ ഒരു കുറ്റവാളിയെ മാത്രം കാണാതെ, തിരുത്തപ്പെടാനും തിരിച്ചുവരാനും കഴിയുന്ന ഒരു മനുഷ്യജീവിതത്തെ കാണാൻ നമുക്കാവട്ടെ.
(നെടുമങ്ങാട് കളത്തറ വിമല ഇംഗ്ലീഷ്വിദ്യാലയയിലെ ബർസാർ ആണ് ലേഖകൻ)